ലേബലുകള്‍

2014 മാർച്ച് 24, തിങ്കളാഴ്‌ച

മഴയെത്തുമ്പോള്‍....

ഇന്നിവിടെ, ദുബായില്‍ മഴയാണ്..മാനം മഴമേഘങ്ങള്‍ തീര്‍ത്തുകൊണ്ട് പ്രവാസത്തിന്റെ ഗൃഹാതുരതയില്‍ താളമിട്ടുകൊണ്ടിരിക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും,തണുപ്പിന്റെ നേരിയ മേലാടയും മനസ്സില്‍ ബാല്യത്തിന്റെ മണിമുറ്റം തീര്‍ക്കുന്നു.മഴയേറ്റുവാങ്ങുന്ന പാടവും,തൊടിയും കലക്കവെള്ളമൊഴുകുന്ന കുഞ്ഞു തോടുകളും അവിടെ വരച്ചിട്ട മനോഹര ചിത്രങ്ങള്‍, പൊള്ളുന്ന വഴിദൂരങ്ങള്‍ ഒരുപാട് പിന്നിട്ട പ്രവാസിയുടെ മനസ്സില്‍ എന്നും മായാത്ത ഓര്‍മകളാണ്.വിരഹം വിങ്ങലാകുന്ന അവന്റെ മനസ്സിലെ സാന്ത്വന സ്പര്‍ശനങ്ങളാണ്.
***        ***           ***            ***
മഴയ്ക്കെത്ര ഭാവങ്ങളായിരുന്നു.കത്തിയാളുന്ന മീനമാസത്തിന്റെ വന്യതയിലേക്ക് പൊടുന്നനെ മൂടിക്കെട്ടിയടിച്ചു വീശിയ പുതുമഴയാണ് ആദ്യം കുളിര് കൊരിയിടുക.മണ്ണും വിണ്ണും പുതിയൊരു ആത്മഹര്‍ഷത്തിലേക്ക് കൂട് മാറുന്നത് എന്ത് വിസ്മയത്തോടെയാണ് കണ്ടുനിന്നത്. പൊടിമണ്ണിന്‍റെ ഗന്ധം പുതുമഴത്തുള്ളികള്‍ ആവാഹിച്ചെടുക്കുന്ന പ്രകൃതിയുടെ പ്രണയ മുഹൂര്‍ത്തം. കൂട്ടത്തോടെ ചിതറി വീഴുന്ന കരിയിലകള്‍ക്ക് മേല് താളവാദ്യം തീര്‍ത്തുകൊണ്ട് മഴ പെയ്തിറങ്ങുന്നത് എത്രയനുഭവിച്ചാലും പുതുമ നഷ്ടപ്പെടാത്ത ബാല്യത്തിന്റെ കൌതുകങ്ങളിലോന്നാണ്.
***          ***               ***             ***       
രാത്രി,തവളകളുടെ നിര്‍ത്താതെയുള്ള സന്തോഷപ്രകടനങ്ങള്‍ക്കപ്പുറം മഴ വീണ്ടും പതിഞ്ഞു പെയ്യും. ജനാലയ്ക്കപ്പുറം ആരോഹണവരോഹണങ്ങളിലൂടെ അവള്‍ തീര്‍ക്കുന്ന നടനതാളം ഉറങ്ങാതെ കേട്ടുകിടക്കുമ്പോള്‍ മനസ്സറിയാതെ പീലിവിരിക്കും. കൂടെ നര്‍ത്തനമാടുവാന്‍ ജനലഴികളിലൂടെ അവള്‍ തോണ്ടി വിളിച്ചുകൊണ്ടിരിക്കും...
***       ***      ****      *****       ****
മഴക്കാലം കുറച്ചുകൂടി വളര്‍ന്നു ഭൂമിയിലാകെ ഭാവചിത്രങ്ങള്‍ കുറിച്ചിടുന്നത് പിന്നീടാണ്‌.കളിമൈതാനങ്ങളിലെ കലക്കവെള്ളക്കെട്ടുകളും, നിറഞ്ഞൊഴുകുന്ന തോടുകളും,കുളങ്ങളും,ഇലച്ചാര്‍ത്തുകളുടെ ഇടതൂര്‍ന്ന പച്ചപ്പുകളും അവളുടെ സര്‍ഗ്ഗാത്മക സമ്മാനങ്ങളാണ്.ചെളിയും ചേറും വകവെക്കാതെ കളിച്ചാര്‍ത്ത നാളുകള്‍... പാടവരമ്പുകള്‍ക്കപ്പുറത്തെ തോടുകളിലെ പരല്മീനുകളെ തേടിയുള്ള യാത്രകള്‍..കീറത്തുണി വലയാക്കി അവയെ കുപ്പികളിലാക്കാന്‍ പെടുന്ന പാടുകള്‍ക്കിടയിലാവും ആര്‍ത്തലച്ചു മഴയെത്തുക. പിന്നെയൊരോട്ടമാണ്..കുഞ്ഞനിയത്തിയുടെ കയ്യും പിടിച്ചു,നാട്ടിടവഴികളിലൂടെ മഴ വരച്ചിട്ട പുല്‍പ്പരപ്പുകളും തെന്നി വീഴുന്ന വരമ്പുകളും ,തിരമാലകളെപ്പോലെ കാറ്റടിച്ചു കൊണ്ട് വരുന്ന വയലേലകളുടെ പച്ചപ്പും താണ്ടി..പാകമാവത്തൊരു ചേമ്പിലയില്‍ അനിയത്തി ചേര്‍ന്ന് നിക്കാന്‍ ശ്രമിച്ചിട്ടും മഴ നനയുന്നുണ്ടാവും.. നനഞ്ഞെത്തുന്ന എല്ലാ മഴസന്ധ്യകളും അമ്മയുടെ ശാസനകളില്‍ ഒടുങ്ങും..എന്നാലും മഴ പ്രലോഭനവുമായി അടുത്ത പുലരിയിലും വന്നു വിളിക്കും.എല്ലാ വിലക്കുകള്‍ക്കുമപ്പുറം ആ സ്നേഹാശ്ലേഷങ്ങളിലമരാന്‍ മനസ്സ് കുതറിക്കൊണ്ടിരിക്കും..
***             ***           ****       ****
മഴ മണ്ണിനും മനസ്സിനും ആനന്ദമാണ്.നമ്മുടെ ഏറ്റവും വലിയ ഇഷ്ടങ്ങള്‍ക്കൊക്കെ ഒരു മഴയുടെ പശ്ചാത്തലമുണ്ടാകും. ആദ്യാനുരാഗത്തിന്റെ അനുഭൂതി ആരുമറിയാതെ കൂട് കൂട്ടിയ നാളുകളില്‍ ഊണിലും ഉറക്കിലും വിടാതെ പിന്തുടരുന്ന പ്രണയിനിയുടെ മുഖത്തിനു സ്വപ്നസദൃശമായ ഭാവങ്ങള്‍ നല്‍കുന്ന പ്രകൃതിയുടെ മാസ്മരികത..പ്രണയമായി പെയ്തിറങ്ങുന്ന പകലിരവുകളില്‍ കാതരയായൊരു പെണ്കൊടി പോലെ മഴ..അവളുടെ നിശ്വാസങ്ങളില്‍ പ്രണയം മാത്രം...
മൂടിപ്പുതച്ചുറങ്ങിയിട്ട് മതിവരാത്ത കുളിരാര്‍ന്ന പുലര്‍വേളകള്‍ക്ക് മഴയുടെ ആസുരതാളങ്ങളുടെ പശ്ചാത്തലം..നല്ലൊരു വായനയുടെ രസാത്മകതയിലേക്ക് ഊളിയിടാന്‍ കൊതിവരുന്ന നനഞ്ഞോലിക്കുന്ന ദിനരാത്രങ്ങള്‍..മഴ മാത്രം നല്‍കുന്ന പ്രിയങ്കരമായ അങ്ങിനെ എത്രയെത്ര ചിത്രങ്ങള്‍..
***      ***      ***      ***      ***
മഴ കഴിഞ്ഞെത്തുന്ന വെയിലിനു മഴയെക്കാള്‍ ചാരുതയാണ്.മഴയോരുക്കിത്തന്ന പച്ചപ്പിലൂടെ നിറച്ചാര്‍ത്തുകള്‍ തീര്‍ത്തുകൊണ്ട് വെയില്‍ പരന്നൊഴുകുമ്പോള്‍ തുള്ളിച്ചാടാത്ത മനസ്സുകള്‍ ഏതാണ്..ഈറനോതുക്കി പ്രകൃതി തന്റെ വശ്യതയിലൂടെ നമ്മെ വഴിനടത്തും.മുറ്റവും തൊടികളുമൊക്കെ പൂക്കളും പൂമൊട്ടുകളുമായി പുതിയൊരു ലോകം സൃഷ്ടിക്കും.സായന്തനത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ സന്തോഷകരമായ ഒരു സൌഹൃദത്തിരുമുറ്റത്തേക്ക് പുഞ്ചിരിയുമായി കടന്നു വരുമ്പോള്‍,നാം പക്ഷെ മഴയെ മറന്നു തുടങ്ങും.കലപിലകലുമായി നമ്മുടെ പിന്നാലെ കൂടിയിരുന്ന അതിന്റെ വികൃതികള്‍ വിസ്മൃതിയിലാഴ്ത്തും.വേനല്‍ വീണ്ടും ആസുരമാകുമ്പോള്‍,കുളിരാര്‍ന്നൊരു സാന്ത്വനമായി അവള്‍ വീണ്ടുമെത്തും വരെ...